Kerala
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റ്ൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം.
ഡെന്റൽ കോളജിലെ അധ്യാപകരായ ഡോ. എം.കെ. റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
അതിനിടെ, അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് മാഫിയ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
സൂറത്ത് ജില്ലയിലെ ധോരൻ പർദി ഗ്രാമത്തിലെ ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിന്റെ മറവിലാണ് കള്ളനോട്ട് മാഫിയ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
500 രൂപയുടെ 40,000 നോട്ടുകളാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. അമരാവദിയിൽ നടത്തിയ പരിശോധനയിലാണ് ഫോർച്യുണർ കാറിൽ കള്ളനോട്ടുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇതേ തുടർന്ന് ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് യൂണിറ്റ് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇവിടെ കള്ളനോട്ട് അച്ചടിക്കുന്നതിനായി തയാറാക്കിയിരുന്ന പ്രിന്റിംഗ് മെഷീൻ, കമ്പ്യൂട്ടറുകൾ, പ്രത്യേകതരം കടലാസ്, മഷി എന്നിവയും പിടിച്ചെടുത്തു.
500 രൂപയുടെ യഥാർഥ നോട്ടിന് പകരം 1500 രൂപയുടെ കള്ളനോട്ടുകളാണ് സംഘം വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ പുനരന്വേഷണത്തിന് ഒടുവിലാണ് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ചത്.
സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നും ഭരണകൂട വ്യവസ്ഥയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ലോക്കൽ പോലീസ് നൽകിയ സമാനമായ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
തുടരന്വേഷണ റിപ്പോർട്ട് അനുകൂലമായതോടെ സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരുന്നതിന് തടസങ്ങളില്ലാതാകും. മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ഭരണഘടനയെ കുന്തം, കുടചക്രം' എന്നിങ്ങനെ വിശേഷിപ്പിച്ചു എന്നതായിരുന്നു മന്ത്രിക്കെതിരെയുള്ള പരാതി. ഈ സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന് നേരത്തെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
Kerala
കൊച്ചി: പാലക്കാട് ജില്ലയില്‍ 13 വയസിനു താഴെയുള്ള 28 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന ആരോപണത്തില്‍ വസ്തുത വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്കി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
2010നും 2023നും ഇടയില്‍ പാലക്കാട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ 28 കുട്ടികളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതിൽ പക്ഷപാതമില്ലാതെയും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ മരണങ്ങളെല്ലാം പ്രാഥമിക ഘട്ടത്തില്‍ ആത്മഹത്യകളായി രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചവയാണ്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റു സാഹചര്യ തെളിവുകളും ഈ മരണങ്ങളില്‍ വലിയതോതിലുള്ള ദുരൂഹതയും കൊലപാതകസാധ്യതയും സൂചിപ്പിക്കുന്നുവെന്ന് പൊതുപ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ബാങ്കിൽനിന്ന് എടുത്ത 50 പവനും 50,000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേക്കു പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽനിന്നു സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ തെരച്ചിൽ ആരംഭിച്ചു.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിനു സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു മോഹനന്റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കോസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനോട് ഇന്നും നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ല. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചില ഫോണുകൾ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് രാഹുലിന്റെ മറുപടി. ഇത് അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവനന്തപുരത്തും പാലക്കാട്ടുവച്ചും പീഡനം നടന്നുവെന്നാണ് യുവതിയുടെ പരാതി.
ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യ വ്യവസ്ഥയനുസരിച്ചാണ് രാഹുൽ ഹാജരാകുന്നത്. ഇന്നലെ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരം നാലിനാണ് അദ്ദേഹത്തെ വിട്ടയച്ചത്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം. പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഹസ്യാത്മക നീക്കത്തിലൂടെ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ അഭിഭാഷകനെ അറസ്റ്റ് നടപടിയെ കുറിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം. പരാതിക്കാരി ഗർഭിണിയായപ്പോൾ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പരിചയപ്പെട്ടതായും തുടർന്ന് പ്രണയ ബന്ധം സ്ഥാപിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടിരുന്നതായും യുവതി മൊഴി നൽകി.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു.
റെസ്റ്റോറന്റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതായും മൊഴിയിൽ പറയുന്നു.
റൂമിൽ എത്തിയതോടെ ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അടുപ്പത്തിന് ശ്രമിച്ചതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന് അറിയിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് പരാതിക്കാരിയ്ക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ കമ്പനിയെ സമീപിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഇതുകൂടാതെ പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
Kerala
ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്. 2012 ജൂലൈ 16ന് ആയിരുന്നു കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആദ്യവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിശാലിന് നേരെ ആക്രമണമുണ്ടായത്.ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് പ്രതികൾ.
13 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്.
കേസിലെ 20 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്.
ആദ്യ സംഘത്തിൽനിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. രാഹുൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്.
Kerala
തളിപ്പറമ്പ് (കണ്ണൂർ): സിബിഐ ചമഞ്ഞ് മൂന്നു കോടി 15.5 ലക്ഷം തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം ഉത്തർപ്രദേശിൽനിന്നു പിടികൂടി. സിബിഐ ചമഞ്ഞ് കണ്ണൂർ മൊറാഴ സ്വദേശി റിട്ട. ഉദ്യോഗസ്ഥന്റെ മൂന്നു കോടി 15.5 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
സംഘത്തിലെ പ്രധാന പ്രതി ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാലിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. എസ്.ഐ. മനോജ് കാനായി, എഎസ്ഐ എസ്.ജി. സതീശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സിബിഐയിൽനിന്നാണു വിളിക്കുന്നതെന്നു വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗവനിൽ (74) നിന്ന് പ്രതികൾ പണം തട്ടിയെടുത്തത്. 2024 സെപ്റ്റംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിനും ഇടയിലായിരുന്നു സംഭവം.
സിബിഐയിൽനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കാനായി അക്കൗണ്ടുകൾ വഴി പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിക്കുകയുമായിരുന്നു.
പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിനു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച്സംഘം സാഹസികമായാണു പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പ്രതികളാണ് ഉള്ളത്.
കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Kerala
കൊല്ലം: ഷാർജയിൽവച്ച് ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവ് സതീശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. കൊല്ലം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി സതീശിന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജൂലൈ 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടേത് കൊലപാതകമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. എന്നാൽ കൊലപാതകത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഭർത്താവ് സതീശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
തുടർന്ന് നടന്ന വിശദ വാദത്തിന് ഒടുവിലാണ് കേസിൽ സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയത്.